ഹൈദരാബാദ്: കാലാവധിക്കുമുേമ്പ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാ ൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തയാറെടുക്കുന്നു എന്ന വാർത്തകൾക്കിടെ, സുപ്രധാനമെന്നു കരുതിയ മന്ത്രിസഭായോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. അടുത്തദിവസങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന്, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി വൃത്തങ്ങൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം, അടുത്തദിവസംതന്നെ മറ്റൊരു മന്ത്രിസഭ യോഗംകൂടി നടക്കുമെന്നും അതോടെ, ചിത്രം വ്യക്തമാകുമെന്നും ഉപമുഖ്യമന്ത്രി കദിയം ശ്രീഹരി ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. ഏതാനും ക്ഷേമപദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം പിരിഞ്ഞുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ആശ വർക്കർമാർ, പശുസംരക്ഷണവുമായി ബന്ധപ്പെട്ട ‘ഗോപാൽ മിത്ര’ ജീവനക്കാർ എന്നിവർക്കു ശമ്പളവർധന, ക്ഷേത്ര പൂജാരിമാരുടെ വിരമിക്കൽ പ്രായം ഉയർത്തൽ തുടങ്ങിയ പദ്ധതികളാണ് തീരുമാനിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം തങ്ങൾക്ക് അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് ടി.ആർ.എസ്. കർഷകർക്കായി നടപ്പാക്കിയതടക്കമുള്ള വൻപദ്ധതികൾ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ്, 2019 ജൂൺവരെ കാലാവധിയുെണ്ടങ്കിലും മന്ത്രിസഭ നേരത്തേ പിരിച്ചുവിടാൻ ചന്ദ്രശേഖര റാവു ആഗ്രഹിക്കുന്നത്. ‘റൈത്തു ബന്ധു’ എന്ന പേരിൽ, ഏക്കറിന് 4000 രൂപ കർഷകരുടെ അക്കൗണ്ടിൽ സഹായധനം നിക്ഷേപിക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. ഇതിനായി വകയിരുത്തിയ 12,000 കോടി രൂപയിൽ 6000 കോടിയും വിതരണം ചെയ്തു. കൂടാതെ, കർഷകർക്കായി ഇൻഷുറൻസ് പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപവരെയുള്ള കാർഷിക കടം എഴുതിത്തള്ളുമെന്ന 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ പ്രഖ്യാപിക്കാനും ഇടയുണ്ട്. നിലവിൽ 17,000 കോടി ചെലവിട്ട്, ഒരു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളിയിട്ടുണ്ട്. മറ്റു മേഖലകളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളിലും സർക്കാറിന് പ്രതീക്ഷയുണ്ട്്. ഇൗയിടെ വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് 35 ശതമാനം ശമ്പളവർധന നടപ്പാക്കിയ ചന്ദ്രശേഖര റാവു പറഞ്ഞത്, ‘നിങ്ങളുടെ പ്രതീക്ഷകൾ ഞാൻ മറന്നിട്ടില്ല, എന്നെയും മറക്കരുത്’ എന്നാണ്. ഇതിനുപുറമെ, മുതിർന്ന പൗരൻമാർ, വിധവ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായും പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.
ടി.ആർ.എസ് പരിഭ്രാന്തിയിലാണെന്നും അതുെകാണ്ടാണ് മഹാറാലികൾ സംഘടിപ്പിക്കുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഖ്യാജ്യോതിഷ വിശ്വാസിയായ ചന്ദ്രശേഖര റാവുവിെൻറ ഇഷ്ട സംഖ്യ ആറാണെന്നും അതുകൊണ്ട് സെപ്റ്റംബർ ആറിനു സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.